NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വരുമാനത്തിന് ‘ഫ്രഷ്’ ഐഡിയ; മദ്യവില കൂടും; രണ്ട് ശതമാനം വിൽപന നികുതി കൂട്ടാൻ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് മദ്യവില 10 രൂപവരെ വർധിക്കും. 2 ശതമാനം വില വർധനവാണ് ആലോചിക്കുന്നതെന്നും പരമാവധി 10 രൂപയുടെ വർധനവുണ്ടാകുമെന്നും അധികൃതർ പറയുന്നു. സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ ഇന്നു ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്. എന്നാൽ വിലവർധന ഉടൻ പ്രാബല്യത്തിൽ വരില്ല. നികുതി പരിഷ്ക്കരണം നിയമസഭാ സമ്മേളനത്തിൽ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. അതിനുശേഷമാകും വില വർധിക്കുക.

സംസ്ഥാനത്ത് നിർമിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോൾ 13 ശതമാനം വിറ്റുവരവ് നികുതിയാണ് നൽകേണ്ടത്. ഇതൊഴിവാക്കണമെന്ന് ഡിസ്റ്റിലറികൾ ആവശ്യപ്പെട്ടിരുന്നു. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഉൽപാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം മുതൽ പല ഡിസ്റ്റിലറികളും പ്രവർത്തനം അവസാനിപ്പിച്ചു. വിലകുറഞ്ഞ മദ്യത്തിന് രൂക്ഷമായ ക്ഷാമം നേരിട്ടു.

ഇതോടെ സംസ്ഥാനത്ത് വ്യാജമദ്യദുരന്തം ഉണ്ടാകുമെന്ന് എക്സൈസ് റിപ്പോർട്ട് നൽകി. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ധന, എക്സൈസ് വകുപ്പുകളെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോർട്ട് പഠിക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ തീരുമാനം. സ്പിരിറ്റിന് വില വർധിച്ചതോടെ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഡിസ്റ്റിലറികൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്പിരിറ്റ് വില ലീറ്ററിന് 55 രൂപയിൽനിന്ന് 75 രൂപയ്ക്കു മുകളിലേക്ക് ഉയർന്നിരുന്നു. ചെറുകിട മദ്യ ഉൽപാദകരെ വിലക്കയറ്റം രൂക്ഷമായി ബാധിച്ചു.

2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് സർക്കാർ വരുത്തിയത്. ഒരു കുപ്പി മദ്യത്തിന് 40 രൂപ വർധിക്കുമ്പോൾ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സർക്കാരിന് ലഭിക്കുന്ന തരത്തിലായിരുന്നു വർധന. 4 രൂപ മദ്യക്കമ്പനികൾക്കും ഒരു രൂപ ബെവ്കോയ്ക്കും ലഭിക്കും. കഴിഞ്ഞ വർഷം വർധനവു വന്നതോടെ വിദേശ മദ്യ നിർമാതാക്കളിൽനിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉൾപ്പെടെ വിൽപന വില 1170 രൂപയായി. അതിൽ 1049 രൂപ സർക്കാരിനും 21 രൂപ ബെവ്കോയ്ക്കുമാണ്. മുൻപ് കോവിഡ് സെസ് ഏർപ്പെടുത്തിയപ്പോഴും മദ്യവില വർധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *