ലോകകപ്പ് ജയം: നാളെ സൗദിയിൽ പൊതുഅവധി


ജിദ്ദ: ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി.
സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അർജന്റീനയെ വീഴ്ത്തിയ സൗദിയുടെ ജയം. ലുസൈൽ മൈതാനത്തെ ഗ്രൂപ്പ് സി ആവേശപ്പോരിൽ രണ്ട് തവണ ലോക ജേതാക്കളായ മെസ്സി സംഘത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് സൗദി മറികടന്നത്.
10ാം മിനിറ്റിൽ പെനാൽറ്റി ഗോൾ ആക്കി മെസ്സി അർജന്റീനക്ക് ലീഡ് നൽകിയത്, ആദ്യപകുതിയിൽ വൻ മാർജിനിൽ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുവട്ടം ഗോൾ വഴങ്ങി തോൽവി ചോദിച്ചുവാങ്ങിയത്. അർജന്റീന മൂന്ന് തവണ വല കുലുക്കിയത് ഓഫ് സൈഡ് കെണി ഒരുക്കി ഇല്ലാതാക്കിയാണ് സൗദിയുടെ വിജയം.
തുടർച്ചയായ 36 കളികൾ തോൽവി അറിയാതെ കുതിച്ച അർജന്റീന തന്നെയായിരുന്നു ആദ്യാവസാനം കളി നയിച്ചത്. എന്നാൽ, എതിർമുന്നേറ്റത്തെ കോട്ടകെട്ടി കാത്തും കിട്ടിയ അവസരങ്ങൾ പാഴാക്കാതെയും സൗദി ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ നാലാമത്തെ വിജയം സ്വന്തമാക്കി.