എടവണ്ണ ചെറുമണ്ണിൽ ഗ്യാസ് റീഫില്ലിങ് കേന്ദ്രം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ


എടവണ്ണ ∙ ചെറുമണ്ണിൽ അനധികൃത ഗ്യാസ് റീ ഫില്ലിങ് കേന്ദ്രം കണ്ടെത്തി. പാറക്കാടൻ ഷിജിലിന്റെ വീടിന്റെ ഷെഡിൽനിന്നാണ് 45 സിലിണ്ടറുകളും 4 ഫില്ലിങ് മോട്ടറുകളും 2 ത്രാസും പിടിച്ചെടുത്തത്. ജോലിക്കാരനായ എരഞ്ഞിക്കോട് കുരിശുംപടി കൊച്ചുപറമ്പിൽ ഷഫീറിനെ(21) ആണ് അറസ്റ്റ് ചെയ്തത്. ഷിജിലിനെതിരെ കേസെടുത്തിട്ടുണ്ട്.ഷിജിലിനെതിരെ സമാന കുറ്റത്തിന് മുൻപും കേസുണ്ട്. വീട്ടാവശ്യത്തിന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകൾ ശേഖരിച്ച് അതിൽ നിന്നു മറ്റ് സിലിണ്ടറുകളിലേക്ക് മാറ്റിനിറച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇവിടെ ചെയ്തിരുന്നത് .
ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിൽ എടവണ്ണ എസ് ഐ അബ്ദുൽ അസീസ്, എഎസ് ഐ സുഭാഷ്, സിപിഒ ബിജു, ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് അംഗങ്ങളായ എസ്ഐ എം.അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സിലിണ്ടറുകൾ ഇൻഡേൻ, എച്ച്പി കമ്പനികളുടേതാണ്. ഗ്യാസ് ഏജൻസികൾക്കെതിരെയും ഇവരിൽനിന്നു ഗ്യാസ് വാങ്ങുന്നവർക്കെതിരെയും നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.