ഉല്ലാസ ബോട്ടുകളിൽ പരിശോധന;ഓടിക്കുന്നവർക്ക് ലൈസൻസില്ല


പൊന്നാനി ∙ ഉല്ലാസ ബോട്ടുകൾ ഓടിക്കുന്നവർക്ക് ലൈസൻസില്ല. പൊന്നാനി കർമ റോഡ് ഭാഗത്ത് സർവീസ് നടത്തുന്ന 18 ബോട്ടുകളിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനിയിൽ 11 ബോട്ടുകളിലും ലൈസൻസില്ലാത്ത സ്രാങ്കുമാരാണ് ബോട്ട് ഓടിക്കുന്നതെന്ന് കണ്ടെത്തി. പരിധിവിട്ട് ബോട്ടുകളിൽ ആളെ കയറ്റുന്നതായും കണ്ടെത്തി.60 പേർക്ക് കയറാവുന്ന ഉല്ലാസബോട്ടിൽ 10 പേർക്ക് മാത്രമാണ് മുകളിൽ ഇരിക്കാൻ കഴിയുക.
എന്നാൽ, ബോട്ടിലുള്ള മുഴുവൻ യാത്രക്കാരും ഒരേസമയം മുകളിൽ കാഴ്ച കാണാനായി കയറുന്നുണ്ട്. ഇത് വൻ ദുരന്തത്തിനിടയാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനധികൃതമായി സർവീസ് നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടിയുണ്ടാകും. അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് ജി.നായർ, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി.പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കഴിഞ്ഞ ദിവസം
വൈകിട്ട് പൊന്നാനിയിൽ പരിശോധനയ്ക്കെത്തിയത്.
ലൈസൻസില്ലാത്ത സ്രാങ്കുമാരെ ബോട്ടിൽ നിയോഗിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ചോദിച്ച് കത്തയയ്ക്കുന്നുണ്ട്. മതിയായ ലൈറ്റില്ലാതെയും അനധികൃതമായി ബോട്ടിൽ കസേരകൾ നിരത്തിയും ഉല്ലാസയാത്രകൾ നടത്തുന്നുണ്ട്. പൊന്നാനി കർമ റോഡ് ഭാഗത്തെ ഉല്ലാസ ബോട്ട് യാത്രകൾ ഏറെ അപകടകരമായാണ് നടത്തുന്നതെന്നും ബോട്ടുകളിൽ അഗ്നിരക്ഷാ സംവിധാനങ്ങളുൾപ്പെടെ സുരക്ഷാ സംവിധാനങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി പൊന്നാനി ഫയർസ്റ്റേഷൻ ഓഫിസർ കലക്ടർക്കും തഹസിൽദാർക്കും ദുരന്തനിവാരണ സമിതിക്കും കത്തുനൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് പരിശോധന ഉണ്ടായിരിക്കുന്നത്.