കോഴിക്കോട് ബാലുശേരി ബസ് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം


കോഴിക്കോട്: ബാലുശ്ശേരി ബസ്സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ടൗണിലെ ഓട്ടോ ഡ്രൈവറായ പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) യാണ് ബസ് സ്റ്റാൻഡിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ സ്റ്റാന്റിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്.
വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം ബസ്സ് സ്റ്റാൻഡിലേക്ക് ബൈക്കിൽ എത്തിയതെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ലഹരി സംഘങ്ങൾ തമ്മിൽ ബസ് സ്റ്റാൻഡിൽ അടിപിടി നടന്നതായും പറയപ്പെടുന്നു.
സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം വിപുലീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.