ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.


കേരളത്തിനും കർണാടകത്തിനും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതെന്നും വികസനത്തിനായി പരിശ്രമിച്ചാൽ ലക്ഷ്യം അസാദ്ധ്യമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു
രണ്ട് സംസ്ഥാനങ്ങളുടേയും ഭാവി വികസനത്തിൽ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർണായകമായി മാറും. പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സി എൻ ജി ഗ്യാസിന്റെ ലഭ്യത വിവിധ വ്യവസായങ്ങൾക്ക് ചെലവ് കുറഞ്ഞ ഇന്ധനമായിരിക്കും. ഗാർഹിക ആവശ്യത്തിനുളള ഗ്യാസും കുറഞ്ഞ നിലയിൽ ലഭ്യമാവും.
സിറ്റി ഗ്യാസ് പദ്ധതിയിലൂടെ എല്ലായിടത്തും സി എൻ ജി ഗ്യാസ് എത്തിയാൽ പിന്നെ കൂടുതൽ വാഹനങ്ങൾ സി എൻ ജി ഇന്ധനത്തിലേക്ക് മാറും. ഏതു തരത്തിൽ നോക്കിയാലും ജനങ്ങൾളും വ്യവസായങ്ങൾക്കും വലിയ നേട്ടമാണ് ഈ പദ്ധതി. കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവമായിരിക്കുമിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തെ കാത്തിരിക്കുന്നത് വൻ വികസന കുതിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന വികസനത്തിന് ഗെയിൽ പദ്ധതി മുതൽക്കൂട്ടാകും.
സംയുക്ത സംരംഭം ഫലം കണ്ടതിൽ സന്തോഷമുണ്ട്. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പ്രയത്‌നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു
പദ്ധതിക്കായി കേരള പൊലീസ് നടത്തിയ സേവനത്തേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കുറഞ്ഞ വിലയിൽ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാൻ സാധിച്ചാൽ വൻതോതിലുളള വികസനമായിരിക്കും സാദ്ധ്യമാക്കുകയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.
കൊച്ചി മുതൽ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വലിയ ജനകീയ പ്രതിഷേധങ്ങൾക്കും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമായത്. ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരളത്തിലേയും കർണാടകയിലേും മുഖ്യമന്ത്രിമാരും ഗവർണർമാരും ചടങ്ങിൽ പങ്കെടുത്തു.