വിവാഹസത്കാരത്തിനിടെ ഗായികയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ


വിവാഹ സത്കാരത്തിലെ ഗാനമേളയ്ക്കിടെ ഗായികയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍. കായംകുളം സ്വദേശി ദേവനാരായണനെയാണ് പൊലീസ് പിടികൂടിയത്. കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസത്കാരത്തിനിടെയാണ് സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ദേവനാരായണനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഗാനമാലപിച്ചുകൊണ്ടിരുന്ന തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായിക കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് ദേവനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗായിക വേദിയില്‍ നിന്ന് പാട്ടുപാടുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ദേവനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.