NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ലോകകപ്പ് ആരാധകരെ ശാന്തരാകുവിന്‍’ വൈദ്യുത പോസ്റ്റില്‍ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെഎസ്‌ഇബി

ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റില്‍ പതാക കെട്ടരുതെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടി. ഫുട്ബോള്‍ ആരാധകരുടെ ലോകകപ്പ് അലങ്കാരങ്ങളില്‍ നിന്ന് വൈദ്യുത പോസ്റ്റുകളെ ഒഴിവാക്കണം. ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി.

ചില സ്ഥലങ്ങളില്‍ വൈദ്യുത ലൈനില്‍ ഫുട്ബോള്‍ ടീമുകളുടെ കൊടി കെട്ടിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ആണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്. ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിട്ടുളള ഫ്ലക്സുകള്‍ ഫൈനല്‍ മത്സരം കഴി‍ഞ്ഞാല്‍ മാറ്റണമെന്ന് നേരത്തെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശം നല്‍കിയിരുന്നു.

ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച്‌ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ആരാധകര്‍ തയ്യാറാകണം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രന്റിങ് രീതികള്‍ കഴിവതും ഒഴിവാക്കണം. കോട്ടണ്‍ തുണി, പേപ്പര്‍ അധിഷ്ഠിത പ്രിന്റിങ് രീതികള്‍ എന്നിവക്ക് പരിഗണന നല്‍കണം. ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഫൈനല്‍ കഴിഞ്ഞാല്‍ ഫ്ലക്സുകള്‍ നീക്കം ചെയ്തെന്ന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.

ഈ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കണം. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ക്ലബ്ബുകളുടേയും വിവിധ കൂട്ടായ്മകളുടേയും യോഗം വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹരിത ചട്ടം പാലിച്ച്‌ ഫുട്ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *