‘ഷാരോണിനെ പത്തുതവണ ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ നോക്കി; പതിനൊന്നാം തവണ കഷായത്തിൽ വിഷം നൽകി’; ഗ്രീഷ്മയുടെ മൊഴി


പാറശാല ഷാരോൺ രാജ് കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയെ കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. 10 തവണ ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പതിനൊന്നാം തവണ വീട്ടിൽ വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയതായി ഗ്രീഷ്മ പോലീസിനോട് മൊഴി നൽകിയതായി പറയുന്നു.
പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഗ്രീഷ്മയെ ഷാരോൺ രാജ് പഠിച്ച കന്യാകുമാരി ജില്ലയിലുള്ള നെയ്യൂരിൽ ഗ്രീഷ്മയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഷാരോൺ രാജിനെ കോളേജിൽ വച്ചും ജ്യൂസിൽ പാരസെറ്റമോൾ ഉയർന്ന അളവിൽ നൽകി കൊല്ലാൻ ശ്രമിച്ചുമെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ജ്യൂസ് ചാലഞ്ച് വഴിയാണ് പാരസെറ്റമോൾ കുതിർത്ത് നൽകാൻ ശ്രമിച്ചതെന്ന് ഗ്രീഷ്മ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതിനായി അൻപതിലധികം ഗുളികൾ കുതിർത്ത് കയ്യിൽ സൂക്ഷിച്ചുവെന്നു അന്വേഷണ സംഘം പറയുന്നു.
നെയ്യൂരിലെ കോളേജ് തെളിവെടുപ്പ് കഴിഞ്ഞ് ഗ്രീഷ്മ പഠിച്ച തിരുവിതാംകോട് മുസ്ലീം ആർട്സ് കോളേജിലെത്തിച്ചും, അതിനെ തുടർന്ന് ജ്യൂസ് വാങ്ങിയ സമീപത്തെ കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കുഴിത്തുറ പഴയ പാലത്തിൽ ജ്യൂസ് ചലഞ്ച് നടത്തിയ പാലത്തിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഇനി തൃപ്പരപ്പിലും, ശിവലോകത്ത് റിസോർട്ടിലും എത്തിച്ചു തെളിവെടുപ്പ് നടത്തും. ഷാരോൺ എഴുതിയ അവസാന വർഷ പരീക്ഷാ ഫലം ചൊവ്വാഴ്ച പുറത്തുവന്നു. എല്ലാ വിഷയങ്ങളിലും ഷാരോൺ രാജ് വിജയം നേടിയതായി സഹപാഠികൾ അറിയിച്ചു.