സ്‌കൂൾ അധ്യാപകൻ ഡാമിൽ ചാടി ജീവനൊടുക്കി; ആദ്യതവണ രക്ഷിച്ച് കരയ്ക്കെത്തിച്ചു; പിന്നാലെ വീണ്ടും ചാടി

പ്രതീകാത്മക ചിത്രം

മൂന്നാറിൽ സ്‌കൂൾ അധ്യാപകൻ ഡാമിൽ ചാടി ജീവനൊടുക്കി. ചൊക്കനാട് എസ്‌റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ എ ഗണേശൻ (48) ആണ് മരിച്ചത്. ആദ്യം ഡാമിൽ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അൽപ്പസമയം കഴിഞ്ഞ വീണ്ടും ചാടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
ബൈക്കിലെത്തിയ ഗണേശൻ ഹെഡ് വർക്‌സ് ഡാമിലേക്ക് ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി. തുടർന്ന് റോഡിലെത്തിച്ച് മറ്റൊരു ഓട്ടോയിൽ കയറ്റിയിരുത്തി. എന്നാൽ ഓട്ടോയിൽനിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ ഗണേശൻ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടുകയായിരുന്നു.
ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് ഒരു മണിക്കൂർ നേരം ഡാമിൽ മുങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ചൊക്കനാട് എസ്‌റ്റേറ്റിലെ എൽപി സ്‌കൂൾ അധ്യാപകനാണ് ഗണേശൻ. ഉച്ചവരെ സ്‌കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്നു പറഞ്ഞാണ് സ്‌കൂളിൽ നിന്നും ഇയാൾ ഇറങ്ങിയത്.
ഗണേശനൊപ്പം താമസിച്ചിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈയിൽ ജലാശയത്തിൽ വീണെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അമ്മയെ കാണാതായത് മുതൽ ഗണേശൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.