കോതമംഗലത്ത് സ്കൂളിൽനിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയി; പിന്നിൽ മാതാവിന്‍റെ വീട്ടുകാരെന്ന് ആരോപണം


കൊച്ചി: കോതമംഗലം ചെറുവട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്ന് കുട്ടിയെ കടത്തിക്കൊണ്ടു പോയതായി പരാതി. സ്കൂളിന് അകത്തു കയറിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാവിൻറെ കുടുംബക്കാരാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് ലഭിക്കുന്ന വിവരം.
കുട്ടിയുടെ മാതാവും പിതാവും വിവാഹ ബന്ധം വേർപെടുത്തിയവരാണ്. കുട്ടി പിതാവിന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിന് മുൻപും കുട്ടിയെ സ്കൂളിൽനിന്ന് കടത്തിക്കൊണ്ടു പോകാൻ മാതാവിൻറെ വീട്ടുകാർ ശ്രമിച്ചിരുന്നതായി പറയുന്നു.
ഇന്ന് മൂന്ന് മണിയോടുകൂടിയാണ് കുട്ടിയെ സ്കൂളിൽ നിന്നും മാതാവിൻറെ വീട്ടുകാർ തട്ടിക്കൊണ്ട് പോയത്. കാറിൽ രക്ഷപ്പെട്ട ഇവരെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.