വള്ളിക്കുന്ന് ജി.എല്‍.പി സ്‌കൂളിലെ വര്‍ണ്ണ കൂടാരവും തുടമ്പുറം റോഡും ഉദ്ഘാടനം ചെയ്തു
1 min read

വള്ളിക്കുന്ന്: ജി.എല്‍.പി സ്‌കൂളിലെ വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനവും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് സബ് സെന്റര്‍ തടമ്പുറം ഡ്രൈനേജ് കം റോഡിന്റെ ഉദ്ഘാടനവും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രീ പ്രൈമറി സ്‌കൂളുകളെ മികവുറ്റതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ എസ്എസ്‌കെ/എംപിഎം 2021- 22 സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് ജി.എല്‍.പി സ്‌കൂളില്‍ വര്‍ണക്കൂടാരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കേരള സര്‍ക്കാരിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേനയാണ് പരുത്തിക്കാട് സബ് സെന്റര്‍ തടമ്പുറം ഡ്രൈനേജ് കം റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പടിപ്പുര, പ്രവേശന കവാടം, ഹരിതോദ്യാനം, കളിയിടം, സ്റ്റേജ്, വായനസ്ഥലം, കരകൗശല നിര്‍മാണയിടം, കലാരൂപങ്ങള്‍, പാര്‍ക്ക് തുടങ്ങി കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് വര്‍ണ്ണ കൂടാരത്തില്‍ ഒരുക്കിയിരിക്കുന്നത്. കെ.ടി രത്‌നാകരന്‍ വര്‍ണ്ണ കൂടാരത്തിന്റെ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, ബ്ലോക്ക് പഞ്ചായത്തംഗം പി. ബാബുരാജന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.വി. അജയ്‌ലാല്‍, പി.എം. രാധാകൃഷ്ണന്‍,ടി.എഫ്. ജോയ്, വി.എം സുരേന്ദ്രന്‍, പ്രേമന്‍ തേറാണി, കായമ്പടം വേലായുധന്‍, ബി.അജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.