ഷാരോൺ കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു


പാറശാല ഷാരോൺ രാജ് കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. പോലീസ് സീൽ ചെയ്തിരുന്ന വീടാണ് ഇന്നലെ അജ്ഞാതർ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചതായി പറയുന്നത്. കേരള തമിഴ്നാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒന്നാം തീയതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും രാമവർമ്മൻ ചിറയിലെ ശ്രീനിലയം എന്ന ഗ്രീഷ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പളുകൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ കേരള തമിഴ്നാട് പോലീസും ചേർന്നാണ് വീട് സീൽ ചെയ്തത്.
കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയ ഗ്രീഷ്മയെ തെളിവെടുപ്പിന് എത്തിക്കാൻ ഒരുങ്ങുന്നതിനു മുമ്പ് വീട് തകർത്ത നിലയിൽ കണ്ടെത്തിയത് കൂടുതൽ ദുരൂഹത വർദ്ധിക്കുകയാണ്. തെളിവ് നശിപ്പിക്കാൻ വേണ്ടി ആരെങ്കിലും ചെയ്തതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം തെളിവുകൾ ഉണ്ടാക്കുന്നതിനുവേണ്ടി ചിലർ കൃത്യം ചെയ്തതാകാമെന്നും നാട്ടുകാർ പറുന്നു.
ഷാരോണിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും കൃത്യം നടന്നതും തെളിവുകൾ നശിപ്പിച്ചതും തൊണ്ടിമുതൽ കണ്ടെടുത്തതും മുഖ്യപ്രതി ഗ്രീഷ്മയുടെ തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലാണ്.
ഏതായാലും വില്ലേജ് അധികൃതർ പളുകൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേരള തമിഴ്നാട് പോലീസ് സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.