NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ തീരുമാനം’; 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി

കുഞ്ഞിന് ജന്മം നല്‍കണോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം സ്ത്രീകള്‍ക്കുള്ളതാണെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു നിരീക്ഷണം. ഒരു കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇതില്‍ നിന്നും അവരെ തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഈ ഉത്തരവ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലൂടെ സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ എംബിഎ വിദ്യാര്‍ത്ഥിനിയാണ് അനുകൂല വിധിയ്ക്കായി കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഉള്‍പ്പടെ പരിഗണിച്ചാണ് വിഷയത്തില്‍ കോടതി വിധി പറഞ്ഞത്.

ആര്‍ത്തവം കൃത്യമല്ലാത്തതിനാല്‍ താന്‍ ഗര്‍ഭിണിയായ വിവരം വിദ്യാര്‍ത്ഥിനി അറിഞ്ഞിരുന്നില്ല. എന്നാല്‍ സഹപാഠി തുടര്‍പഠനത്തിനായി വിദേശത്തേക്ക് പോവുകയും ചെയ്തു. യുവതി കടുത്ത മാനസികാഘാതം അനുഭവിക്കുന്നുണ്ടെന്നും ജീവന് വരെ അപായമുണ്ടായേക്കാമെന്നും പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് മാനസികാഘാതം വര്‍ധിപ്പിക്കുമെന്നും വിദ്യാഭ്യാസത്തെയും തന്റെ ഭാവിയെയും ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതി ഹര്‍ജി നല്‍കിയത്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് യുവതിയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ ഗര്‍ഭം തനിക്ക് തുടരുന്നതിന് താല്‍പര്യമില്ലെന്ന് യുവതി അറിയിച്ചതോടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജീവനോടെയാണ് കുട്ടി ജനിക്കുന്നതെങ്കില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *