NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരുവാഭരണങ്ങൾ മോഷ്ടിച്ചു; പകരം വി​ഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി മുങ്ങിയ പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കാസർഗോഡ് ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്നാണ് പൂജാരി തിരുവാഭരണങ്ങൾ മോഷ്ടിച്ചത്. സംഭവത്തിൽ തിരുവനന്തപുരം ചിന്നപ്പള്ളി സ്ട്രീറ്റിലെ എസ് ദീപക്കാണ് പിടിയിലായത്. മോഷ്ടിച്ച അഞ്ചരപ്പവന്റെ ആഭരണങ്ങൾ വിൽപ്പന നടത്തിയിരുന്നു. ഇവ പൊലീസ് കണ്ടെടുത്തു.

ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പൂജാരിയായി ഇവിടെ ചുമതലയേറ്റത്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ തിരുവാഭരണവുമായി മുങ്ങിയത്. തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് ഇയാള്‍ കടന്നത്. പിന്നാലെ ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഒക്ടോബര്‍ 27 നാണ് ദീപക് ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേറ്റത്. അന്നും തൊട്ടടുത്ത ദിവസങ്ങളിലും ദീപക് ക്ഷേത്രത്തില്‍ പൂജ നടത്തി. 29ന് വൈകിട്ട് സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണിലേക്കാണെന്നും പറഞ്ഞാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്ന് മുങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. ഫോൺ ഓഫാക്കിയാണ് ഇയാൾ കടന്നത്. പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

പിന്നീട് മുന്‍ പൂജാരി ശ്രീധര ഭട്ടിനെ പൂജയ്‌ക്കെത്തിച്ചു. ക്ഷേത്രത്തിലെ ശ്രീകോവില്‍ തുറന്ന് അകത്ത് കയറിയ ശ്രീധര ഭട്ട് ദേവീ വിഗ്രഹത്തില്‍ പുതിയ ആഭരണങ്ങള്‍ ചാര്‍ത്തിയത് കണ്ട് ക്ഷേത്ര ഭാരവാഹികളോട് അന്വേഷിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഗ്രഹത്തിലുള്ള ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നുമാണ് ആഭരണങ്ങൾ കണ്ടെത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളാണ് തിരുവാഭരണം മോഷ്ടിച്ചതിന് കാരണമായി ദീപക്ക് പറയുന്നത്. നേരത്തെ ശബരിമല കീഴ്ശാന്തിയായി പ്രവർത്തിച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.