ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്തതിന് പിന്നാലെ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്തതിന് പിന്നാലെ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് അലാമിപ്പള്ളിയിൽ കെ വി വിനോദ് കുമാർ – കെ. എസ് മിനി ദമ്പതികളുടെ ഏകമകൾ നന്ദന വിനോദിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പടന്നക്കാട് സി. കെ നായർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിനിയാണ് നന്ദന. വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അഴിച്ചിറക്കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് യുവതി ആൺ സുഹൃത്തിനെ വീഡിയോ കോൾ വിളിച്ചിരുന്നു. ഏറെ നേരം ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതിനിടെ ഫോൺ കട്ടായി. തിരിച്ചുവിളിച്ചിട്ട് എടുക്കാതായതോടെ ആൺ സുഹൃത്ത് നന്ദനയുടെ കൂട്ടുകാരിയെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് കൂട്ടുകാരി നന്ദനയുടെ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാർ മുകൾ നിലയിൽ എത്തി നോക്കിയപ്പോഴാണ് നന്ദനെയ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നന്ദനയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വീട്ടുകാരുടെയും ആൺ സുഹൃത്തിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിലേക്ക് നയിച്ച കാരണം കണ്ടെത്താനാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്ക്കാരം നടത്തി.