മുക്കുപണ്ടം പകരംവെച്ച് കിടപ്പുരോഗിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച ഹോം നേഴ്സ് പിടിയില്‍


കിടപ്പുരോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മുക്കുപണ്ടം പകരംവെച്ച് മുങ്ങിയ ഹോം നേഴ്സ് പിടിയില്‍.കൊല്ലം കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) യെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തോടെയാണ് തെക്കേവിള കുന്നത്തുകാവിലുള്ള കിടപ്പുരോഗിയെ ചികിത്സിക്കാന്‍ ഇവരെത്തിയത്.
ഒരുമാസത്തെ കരാറില്‍ ജോലിക്കെത്തിയ ഇവര്‍ രോഗിയുടെ കമ്മലും മോതിരവും കൈക്കലാക്കിയ ശേഷം പകരം മുക്കുപണ്ടം ധരിപ്പിക്കുകയായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞ ഹോംനഴ്‌സ് വീട്ടുകാരെ അറിയിക്കാതെ കടന്നുകളഞ്ഞു.
സംശയംതോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് രോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം ധരിപ്പിച്ചതായി കണ്ടെത്തിയത്.
വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഹോംനഴ്‌സിനെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, എസ്.ഐ.മാരായ അരുണ്‍ ഷാ, സക്കീര്‍ ഹുസൈന്‍, സി.പി.ഒ. ശോഭ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.