പരപ്പനങ്ങാടിയിൽ കടൽ ഭിത്തി നിർമ്മാണത്തിന് അഞ്ചു കോടി രൂപ; ഡി.പി.ആർ തയ്യാറാക്കുന്നതിന് എം.എൽ.എ അധ്യക്ഷതയിൽ യോഗം ചേർന്നു.

പരപ്പനങ്ങാടിയിൽ കടൽഭിത്തി നിർമ്മാണത്തിന് ഡി.പി.ആർ. തയ്യാറാക്കുന്നതിനായി കെ.പി.എ മജീദ് എം.എൽ.എ. യുടെ അധ്യക്ഷതയിൽ പരപ്പനങ്ങാടിയിൽ ചേർന്ന യോഗം.

പരപ്പനങ്ങാടി: രൂക്ഷമായ കടലാക്രമണത്തിൽ നിന്നും തിരൂരങ്ങാടി മണ്ഡലത്തിലെ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കടൽഭിത്തി നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റ് വിഹിതത്തിൽ അഞ്ചുകോടി രൂപ അധികമായി അനുവദിച്ചു.
കെ.പി.എ മജീദ് എം.എൽ.എ. യുടെ ആവശ്യപ്രകാരമാണ് സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂപ അധികമായി അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. മൊത്തം അടങ്കൽ തുകയായ അഞ്ചു കോടി രൂപയുടെ 20% തുകയായ ഒരുകോടി രൂപ നേരിട്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ വിശദമായ ഡി.പി.ആർ സഹിതമുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഇറിഗേഷൻ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
വിശദമായ പദ്ധതി റിപ്പോർട്ട് അടക്കമുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്ന മുറക്ക് ജലവിഭവ വകുപ്പ് ഭരണാനുമതി ഉത്തരവിറക്കും.ഇതിനായി ഡി.പി.ആർ. തയ്യാറാക്കുന്നതിന് വേണ്ടി കെ.പി.എ മജീദ് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ഇറിഗേഷൻ വിഭാഗം എൻജിനീയറിങ് ഉദ്യോഗസ്ഥരുടെയും, പരപ്പനങ്ങാടി നഗരസഭയിലെ തീരപ്രദേശത്തെ ജനപ്രതിനിധികളുടെയും യോഗം ചേർന്നു. മുൻഗണന ക്രമത്തിൽ പൂർത്തീകരിക്കേണ്ട കടൽ ഭിത്തികൾ സംബന്ധിച്ച ചർച്ച ചെയ്തു.
ചടങ്ങിൽ എം.എൽ.എ ക്ക് പുറമെ നഗരസഭാധ്യക്ഷൻ
എ.ഉസ്മാൻ, ഉപാധ്യക്ഷ കെ. ഷഹർ ബാനു, സ്ഥിരംസമിതി അധ്യക്ഷരായ പി.പി ഷാഹുൽഹമീദ്, പി.വി. മുസ്തഫ, ജലവിഭവ വകുപ്പിലെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.