ആരാധനാലയങ്ങൾ മതമൈത്രിയുടെ കേന്ദ്രങ്ങളാകണം; ഐ.എസ്.എം സൗഹൃദ സംഗമം.


ചെമ്മാട് : ഒരുമയുടെയും നന്മയുടെയും മഹിത സന്ദേശങ്ങളുയർത്തി മൈത്രിയുടെ സാഹോദര്യ വിളംബരമായി ഐ.എസ്.എം സൗഹൃദ സംഗമം. കാത്തുവെക്കാം സൗഹൃദ കേരളം എന്ന ഐ.എസ്.എം സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ സമിതി ചെമ്മാട് ഇസ്ലാഹി കാമ്പസിൽ സംഘടിപ്പിച്ച മൈത്രിയുടെ മിനാരങ്ങൾ എന്ന സംഗമമാണ് മാനവികതയുടെയും രാജ്യ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങളാൽ ശ്രദ്ധേയമായത്.
ആരാധനാലയങ്ങൾ മതമൈത്രിയുടെ കേന്ദ്രങ്ങളാകണമെന്ന് സംഗമം ആവശ്യപ്പെട്ടു. തീവ്രവാദത്തിന്റെയും അശാന്തിയുടെയും വിദ്വേഷത്തിന്റെയും സന്ദേശവാഹകർ ഏത് ബാനർ നെറ്റിയിലൊട്ടിച്ചാലും ഒരു മതത്തിന്റെയും മതഗ്രന്ഥങ്ങളുടെയും പിന്തുണ അത്തരം ക്ഷുദ്രപ്രവർത്തനങ്ങൾക്ക് ലഭിക്കില്ല.
ആ തിരിച്ചറിവും ശിഥില ശക്തികൾക്കെതിരിൽ ശക്തമായ പ്രതിരോധം തീർക്കാനുള്ള ആർജ്ജവവുമുണ്ടെങ്കിൽ രാജ്യത്തിന്റെ സൽകീർത്തിയും സാഹോദര്യവും പരുക്കുകളില്ലാതെ കാത്തു സൂക്ഷിക്കാമെന്ന് സംഗമം അഭിപ്രായപ്പെട്ടു
കെ.എൻ.എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി.പി. ഉമ്മർ സുല്ലമി ഉദ്ഘാടനം ചെയ്തു. മൈത്രി സംഗമത്തിൽ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവറന്റ് സുനിൽ പുതിയാട്ടിൽ , ഡോ. അൻവർ സാദത്ത്, റിഹാസ് പുലാമന്തോൾ, റാഫി കുന്നുപുറം, അബ്ദുൽ ഖയ്യൂം കുറ്റിപ്പുറം, ഹബീബ് നീരോൽപ്പാലം , സി.പി ഇബ്രാഹിം ചെമ്മാട്, ഹാരിസ് ടി.കെ.എൻ എന്നിവർ സംസാരിച്ചു.