ജില്ലാ സിവിൽ സർവ്വീസ് കായിക മേള : സ്വർണ്ണത്തിളക്കത്തിൽ പരപ്പനങ്ങാടി സ്വദേശി ഷീബ.


പരപ്പനങ്ങാടി: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി മലപ്പുറം എം.എസ്.പി. എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തിയ ജില്ലാ സിവിൽ സർവ്വീസ് കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരി പി. ഷീബ ഷോട്ട്പുട്ട്, ജാവലിൻ ത്രോ (ഓപ്പൺ കാറ്റഗറി ) എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യത നേടി.
മമ്പാട് എം.ഇ.എസ്. ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കബഡി സെലക്ഷനിലും സംസ്ഥാന ടീമിലേക്ക് ഷീബ യോഗ്യത നേടി. പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ സെലക്ഷനിലും സംസ്ഥാന വോളിബോൾ ടീമിലേക്കും ഇടം നേടിയിട്ടുണ്ട്.
പഴയ അത്‌ലറ്റ് വോളിബോൾ താരമായ ഷീബ ഉത്തരപ്രദേശ് വാരാണസിയിൽ നടന്ന മൂന്നാമത് നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തിനുവേണ്ടി ജാവലിൻ ത്രോയിൽ വെള്ളിമെഡലും 4×400 മീറ്റർ റിലേയിൽ വെള്ളിമെഡലും നേടി.
രമേശ് കുറുപ്പൻകണ്ടിയാണ് ഭർത്താവ്. മകൾ : അനുശ്രീ. പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ ഷീബ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലെ അംഗമാണ്.