സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചു; പോലീസുകാരൻ അറസ്റ്റിൽ.

പ്രതീകാത്മക ചിത്രം

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിലാണ് പോലീസുകാരൻ അറസ്റ്റിലായത്. സിറ്റി എ.ആർ ക്യാമ്പിലെ അമൽദേവ് ആണ് അറസ്റ്റിലായത്. ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽനിന്നാണ് പോലീസുകാരനായ സുഹൃത്ത് അമൽദേവ് സ്വർണം കവർന്നത്.
നടേശന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പഴം മൊത്തവ്യാപാര കടയിൽ നിന്ന് പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഇന്നലെ ഒത്തുതീർപ്പാക്കിയിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി വി ഷിഹാബാണ് മാങ്ങ മോഷ്‌ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
എന്നാൽ മാങ്ങാ മോഷണത്തിൽ തനിക്കുണ്ടായ നഷ്ടം പ്രതിയായ പോലീസുകാരൻ പരിഹരിച്ചെന്നും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ കോടതി ഇന്നലെ അംഗീകരിക്കുകയായിരുന്നു.