NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണ കേസ് ഒത്തുതീര്‍പ്പായി, ഷിഹാബ് ഇപ്പോഴും ഒളിവില്‍

പൊലീസുകാരന്‍ പ്രതിയായ കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണ കേസ് ഒത്തുതീര്‍പ്പായി. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിന്റേതാണ് ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പൊലീസുകാരന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published.