NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സൈനികനും സഹോദരനും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു’; സംഭവം പൊലീസിന്റെ തിരക്കഥ, സത്യം പുറത്ത്

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം ഇപ്പോഴിതാ പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് കണ്ടെത്തല്‍.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പൊലീസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. പിന്നീട് പൊലീസുണ്ടാക്കിയ തിരക്കഥ. ഇങ്ങനെ എംഡിഎംഎ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലീസിനെ ആക്രമിച്ചെന്നും എഎസ്‌ഐയെ പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പും പുറത്തിറക്കി.

12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു.

വിഷ്ണുവും വിഘ്നേശശും പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങി.

സംഭവത്തില്‍ കിളികൊല്ലൂര്‍ എസ് ഐ എ പി അനീഷ്, സീനിയര്‍ സിപി ഒ മാരായ ആര്‍ പ്രകാശ് ചന്ദ്രന്‍ , വി ആര്‍ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സിഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *