NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘പോലീസുകാരന്റെ മാമ്പഴ മോഷണം ഒത്തുതീർക്കാനാകില്ല’; സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ്

1 min read

കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത മാമ്പഴ മോഷണ കേസിൽ (mango stealing case) ഒത്തുതീർപ്പ് നീക്കങ്ങളുമായി പരാതിക്കാരൻ രംഗത്ത് വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പോലീസ്. കേസ് പരിഗണിക്കുന്നതിനിടെ പൊലീസിന്റെ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് നിർണായക നിലപാട് സ്വീകരിച്ചത്. മാമ്പഴ മോഷണക്കേസ് ഒത്തുതീർക്കാൻ പാടില്ല എന്ന് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസിന് വേണ്ടി സർക്കാർ അഭിഭാഷക അഡ്വ. പി. അനുപമ നിലപാട് വ്യക്തമാക്കി.

പൊലീസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കേസ് വിധി പറയാനായി കോടതി മാറ്റിവെച്ചു. നാളെ തന്നെ കോടതി ഇക്കാര്യത്തിൽ അന്തിമമായ വിധി പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരനല്ല കേസിൽ പ്രതിയായിട്ടുള്ളത് എന്ന് കോടതിയിൽ പോലീസ് ചൂണ്ടിക്കാട്ടി. ഒരു പോലീസ് ഓഫീസർ തന്നെ പ്രതിയായ കേസ് ഒത്തുതീർപ്പാകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ അഭിഭാഷക പി. അനുപമ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി പരാതിക്കാരനായ കച്ചവടക്കാരൻ രംഗത്ത് വന്നതോടെ കോടതിവിധി ഇനി നിർണായകമാണ്. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ പരാതിക്കാരൻ പിൻവാങ്ങിയാൽ കേസ് പിൻവലിക്കാനുള്ള ഉത്തരവാണ് കോടതികൾ പുറത്തിറക്കാറുള്ളത്. പരാതിക്കാരൻ ഇല്ലാതെ കേസന്വേഷണവുമായി മുന്നോട്ടു പോയിട്ട് കാര്യമില്ല എന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ആ നിലയിൽ മാമ്പഴ മോഷണം കേസ് ഒത്തുതീരാനുള്ള സാധ്യതയാണ് ഇതോടെ സജീവമായത്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കാരൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവട കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷണം പോയത്. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി കച്ചവടക്കാരൻ രംഗത്ത് വന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസിന്റെ തുടക്കത്തിൽ തന്നെ ഒത്തുതീർപ്പാക്കാൻ പോലീസുകാരനായ പി.വി. ശിഹാബ് ശ്രമിച്ചിരുന്നു. എന്നാൽ മാമ്പഴ കച്ചവടക്കാരന് പോലീസുകാർ ആദ്യഘട്ടത്തിൽ നൽകിയ പിന്തുണ ഗുണമായി. ഇതോടെയാണ് കേസിൽ മുന്നോട്ടു പോകാൻ കച്ചവടക്കാരൻ തയ്യാറായത്.

കഴിഞ്ഞമാസം മുപ്പതിന് നടന്ന സംഭവത്തിൽ ഇത്രയധികം ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല എന്നതാണ് വിമർശനങ്ങൾക്ക് കാരണമായത്. സംഭവത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസ് ഒത്തുതീർപ്പിൽ എത്തിക്കാൻ പ്രതിയായ പോലീസുകാരന് മതിയായ സമയം നൽകുന്ന സമീപനമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്വീകരിച്ചത്. സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കിയിട്ടും അതിനനുസരിച്ച് ഒരു തുടർനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല.

നേരത്തെ ബലാത്സംഗ കേസിലടക്കം പ്രതിയായ ആളാണ് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പി.വി. ഷിഹാബ്. ഇത്രയധികം ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടും ഇയാൾ സർവീസിൽ തിരിച്ചു കയറി എന്നതാണ് ഞെട്ടിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇയാൾക്കുള്ള ബന്ധമാണ് പോലീസ് സേനയിൽ തുടർന്ന് പ്രവർത്തിക്കുന്നതിന് ഇയാൾക്ക് ഗുണകരമായത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പ്രതിയെ പിടികൂടുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കെ. കാർത്തിക് നേരത്തെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്കുകൾ എല്ലാം പാഴായി കൊണ്ടാണ് മാമ്പഴ മോഷണം കേസിലെ പ്രതിയായ പി.വി. ഷിഹാബിന് കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കുന്നത്.

 

Leave a Reply

Your email address will not be published.