ചികിത്സയ്ക്ക് എത്തിയ 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ മാനസികാരോഗ്യ വിദഗ്ധൻ അറസ്റ്റിൽ


കൊച്ചി: ആലുവയിൽ മാനസികാരോഗ്യ ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെയാണ് (46) അറസ്റ്റ് ചെയ്തത്. സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ 16കാരിയായ പെൺകുട്ടി തനിക്കു നേരെയുണ്ടായ അതിക്രമത്തിന്റെ വിവരം സുഹൃത്തിനോടു പറഞ്ഞതോടെയാണ് ബന്ധുക്കൾ അറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും.
പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഇടയ്ക്കിടെ തലചുറ്റലുണ്ടാകുന്നത് മാനസിക സമ്മർദമാണെന്ന് പറഞ്ഞ് ബന്ധുക്കളിൽ ഒരാളാണ് ഇയാളുടെ അടുക്കൽ ചികിത്സയ്ക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെൺകുട്ടി ഇയാളുടെ കീഴിൽ ചികിത്സയിലാണ്.
മുത്തശ്ശിക്കൊപ്പമാണ് പെൺകുട്ടി ക്ലിനിക്കിലെത്തിയത്. പെൺകുട്ടിയോട് തനിയെ സംസാരിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഈ സമയത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മനോരോഗ വിദഗ്ധൻ എന്ന് അവകാശപ്പെട്ടാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. രോഗികളോട് മോശമായി പെരുമാറിയതിന് തൃശൂരിലും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നതായി റിപ്പോർട്ടുണ്ട്.