‘സ്കൂളിലെ കെമിസ്ട്രി ലാബിൽ പരീക്ഷണം’; ശീതള പാനീയം കുടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത


കന്യാകുമാരി: സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു പൊള്ളലേറ്റു ചികിത്സയിൽ ആയിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിൻ (11) ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിച്ചിരുന്നു. പിന്നീട് അണുബാധയും ഉണ്ടായി. ഇതേ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു പോസ്റ്റ്മോർട്ടം നടത്തും. തുടർന്നു വീട്ടുവളപ്പിൽ സംസ്കരിക്കും.
കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ, ഇതേ സ്കൂളിലെ ഒരു വിദ്യാർത്ഥി ‘കോള’ എന്ന പേരിൽ ശീതള പാനീയം നൽകിയെന്നാണ് കുട്ടി പറഞ്ഞത്. ശീതള പാനീയം നൽകി എന്നു പറയുന്ന വിദ്യാർത്ഥിയെ ഇതു വരെ കണ്ടെത്താനാകാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. പാനീയം കുടിച്ചതിന്റെ അടുത്ത ദിവസം കുട്ടിക്ക് പനി പിടിപെട്ടു. സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. 27ന് കഠിനമായ വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ അന്നു രാത്രി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നു മുതൽ ഇന്നലെ വരെ ഇവിടെ ചികിത്സയിലായിരുന്നു.
ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലാണെന്നും വൃക്കകൾ പ്രവർത്തിക്കുന്നില്ല എന്നും കണ്ടെത്തിയതിനെത്തുടർന്ന് ഡയാലിസിസ് നടത്തിയിരുന്നു. ആവർത്തിച്ചു നടത്തിയ പരിശോധനയിൽ ആണ് ആസിഡ് ഉള്ളിൽ എത്തിയതായി കണ്ടെത്തിയത്. അന്നനാളം, കുടൽ തുടങ്ങിയ ആന്തരിക അവയവങ്ങൾക്കു പൊള്ളലേറ്റു എന്നും തെളിഞ്ഞു. ആസിഡ് ഉള്ളിൽ ചെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് കളിയിക്കാവിള പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
കെമിസ്ട്രി ലാബിലെ പരീക്ഷണം?
സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മനുഷ്യ ജീവൻ മനഃപൂർവം അപകടത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെ വിഷം, ലഹരി പദാർത്ഥം എന്നിവ നൽകിയാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328–ാം വകുപ്പു പ്രകാരം 10 വർഷം വരെ കഠിനതടവും പിഴയും ശിക്ഷയായി ലഭിക്കാം. ഈ വകുപ്പാണ് അജ്ഞാതരായ പ്രതികൾക്കെതിരെ ചുമത്തിയത്. എന്നാൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ബന്ധുക്കൾ തമിഴ്നാട് എസ്പി, കളക്ടർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.
അശ്വന് ശീതള പാനീയം നൽകി എന്നു പറയുന്നതിന്റെ തലേ ദിവസം സ്കൂളിലെ കെമിസ്ട്രി ലാബിൽ വിദ്യാർത്ഥികൾ പരീക്ഷണം നടത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അന്ന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്ളിൽ ചെന്നാലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഡോക്ടർമാരും പറയുന്നു. പക്ഷേ, അന്നു ലാബിൽ പരീക്ഷണത്തിലൂടെ നിർമിച്ച ദ്രാവകം പൂർണമായി ഒഴുക്കി കളഞ്ഞതായി സ്കൂൾ അധികൃതർ പറയുന്നു.
തുമ്പില്ലാതെ പൊലീസ്
ആരാണു പിന്നിലെന്ന് കണ്ടെത്താൻ സംഭവം നടന്ന് ഏതാണ് ഒരു മാസത്തോളമായിട്ടും കേസ് അന്വേഷിക്കുന്ന കളിയിക്കാവിള പൊലീസിന് ആയിട്ടില്ല. അശ്വിനു കഴിഞ്ഞ 24ന് പരീക്ഷയുണ്ടായിരുന്നു. അന്നാണ് ഇതേ സ്കൂളിലെ ഒരു വിദ്യാർഥി ‘കോള’ വേണോ എന്ന ചോദ്യത്തോടെ കൈവശം സൂക്ഷിച്ചിരുന്ന കുപ്പി നീട്ടുന്നത്. അശ്വിൻ അതു വാങ്ങി ഒരു കവിൾ കുടിക്കുകയും രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നു വലിച്ചെറിയുകയും ചെയ്തുവെന്നു ബന്ധുക്കളോട് പറഞ്ഞിരുന്നു. കളിയിക്കാവിള പൊലീസ് സ്കൂൾ വളപ്പിൽ അരിച്ചു പെറുക്കിയിട്ടും ഇത്തരം ഒരു കുപ്പി കണ്ടെത്താനായില്ല. സ്കൂളിലെ സിസിടിവി പ്രവർത്തിക്കാത്തതും രക്ഷിതാക്കളിൽ സംശയം ഉണർത്തുന്നു.
അശ്വിന്റെ പിതാവ് സുനിൽ വിദേശത്തായിരുന്നു. മകന്റെ അവസ്ഥ അറിഞ്ഞ് നാട്ടിലെത്തി. വേർപാട് അറിഞ്ഞതോടെ വിങ്ങിപ്പൊട്ടിയ സുനിലിനെയും ഭാര്യ സോഫിയയെയും സമാധാനിപ്പിക്കാൻ കണ്ടുനിന്നവർക്കാർക്കുമായില്ല. സോഫിയ വീട്ടമ്മയാണ്. നാലാം ക്ലാസുകാരി അശ്വിക സഹോദരിയാണ്.