‘പരാതിക്കാരിയുടെ വീട്ടില്‍ എല്‍ദോസിന്റെ വസ്ത്രങ്ങള്‍’; എം.എല്‍.എയുടെ പെരുമ്പാവൂരിലെ വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും


ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തെന്ന് അന്വേഷണസംഘം അറിയിച്ചു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ ടി ഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
മദ്യക്കുപ്പിയും ഇവിടന്ന് ലഭിച്ചു. മദ്യക്കുപ്പിയിലെ വിരലടയാളം എല്‍ദോസിന്റെതാണോയെന്ന് പരിശോധിക്കും. സെപ്തംബര്‍ 15ന് വീട്ടില്‍ വന്ന് പോയപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇത് ശരി വെക്കുന്ന തെളിവുകളാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പള്ളിയെ പിടികൂടാനായില്ലങ്കിലും തെളിവുകള്‍ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. പെരുമ്പാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
അതേസമയം, എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുത്തേക്കും. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. കോവളം സൂയിസൈഡ് പോയിന്റില്‍ എത്തിച്ച് തന്റെ പിന്നാലെ എംഎല്‍എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയിരുന്നു എന്നാണ് മൊഴി.
അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്. കഴിഞ്ഞ മാസം 14 നാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് പരാതിക്കാരി പറഞ്ഞത്.