NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ യുവതി അറസ്റ്റിൽ

പത്തനംതിട്ട: കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പച്ചാളം കണച്ചാംതോട് റോഡിൽ അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ഡുറ (30) ആണു അറസ്റ്റിലായത്. എറണാകുളം പറവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ എറണാകുളം ജില്ലാ ജയിലിലെത്തി, കോടതിയുടെ അനുവാദം വാങ്ങി കോയിപ്രം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പുറമറ്റം കുമ്പനാട് വട്ടക്കൊട്ടാൽ മുകളുകാലായിൽ വീട്ടിൽ സാമൂവലിന്‍റെ മകൻ ബാബുക്കുട്ടി നൽകിയ പരാതിപ്രകാരം എടുത്ത കേസിലാണ് നടപടി. ഇദ്ദേഹത്തിന്‍റെ മകന് കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞു പ്രതികൾ ബാങ്ക് അക്കൗണ്ടിലൂടെ ആകെ 4 ലക്ഷം രൂപ തട്ടിയെടുത്തശേഷം, ജോലി ലഭ്യമാക്കുകയോ പണം മുഴുവൻ തിരികെ നൽകുകയോ ചെയ്തില്ല എന്നതാണ് പരാതി.

ബാബുക്കുട്ടിയുടെ മകന്‍റെ കുമ്പനാട്ടെ കാനറാ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒന്നാം പ്രതി പറഞ്ഞതുപ്രകാരം രണ്ടാം പ്രതിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഈ കാലയളവിൽ മൂന്ന് തവണയായി പണം അയക്കുകയായിരുന്നു. പണമിടപാട് സംബന്ധിച്ച ബാങ്ക് രേഖകൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചതിൽ വാദിയുടെ മകനുമായി ബന്ധപ്പെട്ടത് തെളിഞ്ഞു. പ്രതികൾ ഒളിവിൽ പോയിരുന്നു.

ഒന്നാം പ്രതി പല മേൽവിലാസങ്ങളിൽ മാറിമാറി താമസിച്ചു. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ രണ്ടും പന്തളം മണ്ണാഞ്ചേരി സ്റ്റേഷനുകളിലെ ഒന്നുവീതം വിശ്വാസവഞ്ചന കേസുകളിൽ ഒന്നാം പ്രതി ഉൾപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം മേൽവിലാസങ്ങൾ വ്യത്യസ്തമാണ്. പലജില്ലകളിലും സമാനരീതിയിൽ ആളുകളിൽ നിന്നും പണം കൈപറ്റി വിശ്വാസവഞ്ചന കാട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് രണ്ടാം പ്രതിയുടെ അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. അതിൽ 3 ലക്ഷം ഹിൽഡയ്ക്കു അയച്ചു കൊടുത്തു, ഒരു ലക്ഷം ബാബുക്കുട്ടിക്ക് തിരിച്ചുകൊടുത്തതായി പറയുന്നു. അന്വേഷണം തുടരുകയാണ്. എസ് ഐ അനൂപ്, സി പി ഓമാരായ സാജൻ, രശ്മി, ഷെബി എന്നിവരാണ് സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.