എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് ആശയക്കുഴപ്പം


ബലാല്‍സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് ആശയക്കുഴപ്പം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയതാണ് പൊലീസിനെ കുഴപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ വിധി വരും മുന്‍പ് അറസ്റ്റ് ചെയ്യാനാകുമോയെന്നതിലാണ് സംശയം. എങ്കിലും ഒളിവിലുള്ള എല്‍ദോസിനെ കണ്ടത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ 20 ലേക്ക് മാറ്റുകയായിരുന്നു. നിയമപരമായി അറസ്റ്റിന് തടസമില്ലെങ്കിലും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന പതിവില്ല. ഈ സാഹചര്യത്തിലാണ് വിധി വരും വരെ കാത്തിരിക്കണോ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യണോയെന്ന് പൊലീസ് ആലോചിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി പറയുന്നതിനാല്‍ അത് വരെ അറസ്റ്റിന് സാധ്യത കുറവാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എല്‍ദോസിന്റെ നീക്കം. എംഎല്‍എ ഒളിവിലാണെങ്കിലും പെരുമ്പാവൂരിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് എംഎല്‍എ ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കങ്ങളിലാണ് അന്വേഷണ സംഘം. ഇന്നലെ പരാതിക്കാരിയായ യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇന്നും തെളിവെടുപ്പ് തുടരും.