കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണ കടത്തുകേസ് പ്രതി രക്ഷപ്പെട്ടു; കൊണ്ടോട്ടി സ്വദേശി റിയാസിനെ തേടി പൊലീസ്


മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ടശേഷം രക്ഷപ്പെട്ട സ്വര്‍ണക്കടത്ത് കേസ് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി സ്വദേശി റിയാസ് ആണു ഉദ്യോഗസ്ഥരെ കാറുകൊണ്ട് ഇടിച്ചിട്ടത്. നിലത്തുവീണ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവർ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ മാസം കരിപ്പൂർ വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് അഞ്ചു കിലോ സ്വര്‍ണം കടത്തിയ സംഘത്തിലെ പ്രധാനിയാണ് റിയാസ്. ഇൻഡിഗോ വിമാന കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയത് റിയാസ് ആണെന്ന് ആണ് കസ്റ്റംസ് സംഘത്തിൻ്റെ നിഗമനം. ഒരുമാസമായി റിയാസിനായി കസ്റ്റംസ് വലവിരിച്ചിരിക്കുകയാണ് .കൊച്ചിയിൽ നിന്നും കരിപ്പൂർ വഴി റിയാസ് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അയാളെ പിടികൂടാൻ തയ്യാറെടുത്തു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാറിൽ കടന്നു കളഞ്ഞ റിയാസിനെ കസ്റ്റംസ് സംഘം ചിറയിൽ ചുങ്കത്ത് വച്ച് തടഞ്ഞ് നിർത്തി. റിയാസിൻ്റെ കൂടെ ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. എന്നാൽ റിയാസ് കാർ പുറകോട്ട് എടുത്ത് തിരിച്ച് അതി വേഗം അപകടകരമായ വേഗത്തിൽ മുന്നോട്ട് പോയി. കാറിന് അടുത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ചിട്ടാണ് റിയാസ് രക്ഷപ്പെട്ടത്.
റിയാസിനെ കസ്റ്റംസ് അധികൃതർ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കരിപ്പൂർ പോലീസ് സംഭവത്തിൽ കേസെടുത്തു. കൈക്കും കാലിനും ആണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ഇവർ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റിയാസിനൊപ്പം കൂട്ടാളികളായ കൊടുവള്ളി സ്വദേശികളായ ഷബീബ്, ജലീൽ എന്നിവർക്കായും പോലീസ് അന്വേഷണം തുടങ്ങി.