സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത 23കാരന്‍ അറസ്റ്റില്‍


കോഴിക്കോട് പന്തീരാങ്കാവില്‍ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഒളവണ്ണ കള്ളിക്കുന്ന് വാരിയത്ത് അയിഷാസ് ഹൗസില്‍ മുഹസിന്‍ റോഷനെയാണ് (23) യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റുചെയ്തത്. യുവാവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
യുവതിയുടെ വീട്ടിനടുത്തുള്ള കൂട്ടുകാരന്‍ മുഖാന്തരമാണ് റോഷന്‍ യുവതിയുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിലായതോടെ ഫോട്ടോ അയച്ചുനല്‍കാന്‍ സമ്മര്‍ദം ചെലുത്തുകയും യുവതി ഫോട്ടോ അയച്ചു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ വരുകയും നിര്‍ബന്ധിച്ച് ഫോട്ടോ എടുത്തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
രണ്ടുദിവസംമുമ്പ് രാത്രിയില്‍ മതില്‍ചാടിക്കടന്ന് യുവതിയുടെ വീട്ടിലെത്തിയ റോഷന്‍ ഫോട്ടോ സമൂഹ മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഓണ്‍ലൈന്‍ വഴി വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഗ്രൂപ്പുകളില്‍ അംഗമായി, സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് യുവാവ് ഫോട്ടോകള്‍ വാങ്ങാറുള്ളതായി സൂചനയുണ്ട്. ലക്ഷദ്വീപിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ റോഷനെ അറസ്റ്റ് ചെയ്തത്.