‘എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കെട്ടിയവന്‍ ബാറിൽ പോയി രണ്ടെണ്ണം അടിക്കൂ’; കാലുവേദനയുമായി ചെന്ന രോഗിക്ക് ഡോക്ടറുടെ കുറിപ്പടി


തൃശൂർ: കാലു വേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിക്കും ഭർത്താവിനും ഡോക്ടറുടെ പരിഹാസം. തൃശൂരിൽ പ്രവർത്തിക്കുന്ന ദയ ആശുപത്രിയിലെ വാസ്കുലർ സർജൻ ഡോ. റോയ് വർഗീസിനെതിരെ പരാതിയുമായി രോഗിയുടെ കുടുംബം. വിശ്രമിക്കേണ്ട ആവശ്യമില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഭർത്താവിനോട് ബാറിൽ പോയി രണ്ടെണ്ണം അടിക്കാനും ഡോക്ടർ നൽകിയ കുറിപ്പടിയിൽ പറയുന്നു.
ഗുരുവായൂര്‍ മമ്മിയൂര്‍ കോക്കൂര്‍ വീട്ടില്‍ അനില്‍കുമാറിനും ഭാര്യ പ്രിയയ്ക്കുമാണ് ദുരനുഭവമുണ്ടായത്. കാലിൽ വേദനയുമായെത്തിയ രോഗിയോട് എക്സ്റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു. ഇതിനുശേഷം ഡോക്ടറെ കണ്ടപ്പോൾ അസ്ഥിയിൽ വളവുള്ളതിനാൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും ഫിസിയോതെറാപ്പി വിഭാഗത്തിൽ കാണാനും നിർദേശിച്ചു. ഒപ്പം നൽകിയ കുറിപ്പടിയിലാണ് അവഹേളിക്കുന്നവിധം ഡോക്ടർ ഇപ്രകാരം കുറിച്ചത്.
മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ കുറിപ്പടി വായിച്ച് ജീവനക്കാര്‍ ചിരിച്ചപ്പോഴാണ് അനില്‍ കാര്യം അറിഞ്ഞത്. ‘നോ റെസ്റ്റ് ഫോര്‍ ബെഡ്. കെട്ടിയോന്‍ വിസിറ്റ് ടു ബാർ ഇഫ് എനി പ്രോബ്ലം’ എന്നായിരുന്നു ഡോക്ടർ കുറിപ്പടിയിൽ എഴുതി നൽകിയത്. ഡോക്ടര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അനില്‍ പറഞ്ഞു.
അതേസമയം രോഗി മാധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കിയ കുറിപ്പിൽ രോഗിയുടെ പേരോ മരുന്നിന്റെ പേരോ രേഖപ്പെടുത്തിയിട്ടില്ലെന്നും മെഡിക്കൽ പ്രിസ്ക്രിപ്ഷനായി ഇത് കരുതനാവില്ലെന്നുമായിരു്നനു ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ ആശുപത്രി അധികൃതര്‍ ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സേവനം നിര്‍ത്തിയെന്നും അധികൃതര്‍ അറിയിച്ചു.