ബാധയൊഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദിനിയുടെ ക്രൂരമര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്


മലയാലപ്പുഴ വാസന്തീമഠത്തിലെ മന്ത്രവാദിനി ശോഭന ആളുകളെ ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരില്‍ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിന്റേയും നെഞ്ചില്‍ ചവിട്ടുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച് ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. മധുമലയിലോട്ട് നിന്നെ ഞാന്‍ കൊണ്ടു പോകുമെന്നും സത്യം പറയണമെന്നും പറഞ്ഞാണ് സ്ത്രീയെ ശോഭന ഭീഷണിപ്പെടുത്തുന്നത്.
പത്തനംതിട്ട മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മന്ത്രവാദ കേന്ദ്രത്തില്‍ കുട്ടികളെപ്പോലും മന്ത്രവാദത്തിന് വിധേയമാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകള്‍ നടത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മന്ത്രവാദ കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു പ്രതിഷേധവുമായെത്തിയ ഡിവൈഎഫ്‌ഐ, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. തുടര്‍ന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.