വിദ്യാർത്ഥിയെ മർദിച്ച് കേൾവി ശക്തി നഷ്ടപ്പെടുത്തിയ എട്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു


കണ്ണൂർ: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് കേൾവി ശക്തി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ എട്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. ഇവരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്ന് വൈകിട്ട് പിടിഎ എക്സിക്യൂട്ടീവ് യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
പത്താം തീയതിയാണ് റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചത്. മർദനത്തിനിരയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേൽക്കുകയും കേൾവി ശക്തി കുറയുകയും ചെയ്തു. സഹലിനെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം നവ മാധ്യമങ്ങളിലൂടെ അക്രമികൾ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുടി നീട്ടി വളർത്തിയതിനും കുടുക്ക് മുഴുവൻ ഇട്ടതിനുമായിരുന്നു മർദനമെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.