നരഭോജികളെ പിടിച്ച പൊലീസ് മാമ്പഴക്കള്ളന് കഞ്ഞി വെക്കുന്നുവോ? CPO ഷിഹാബ് ഒളിവിലായിട്ട് രണ്ടാഴ്ച


തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയെ നരബലിക്കേസിൽ അതിവേഗത്തിൽ പ്രതികളെ പിടികൂടി അഭിമാനമുയർത്തിയ പൊലീസിന് 600 രൂപയുടെ മാമ്പഴ മോഷണക്കേസിലെ പ്രതിയായ സഹപ്രവർത്തകനെ കൃത്യം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പിടികൂടാനാകാത്തത് നാണക്കേടാകുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസറായ പി വി ഷിഹാബ് ഒളിവിലാണ്. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. ഔദ്യോഗിക വേഷത്തിലെ ഷിഹാബിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷിഹാബിന് സേനയ്ക്കുള്ളിൽ നിന്നുതന്നെ സഹായം ലഭിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. സംസ്ഥാനത്താകെ ചർച്ചയാവുകയും സേനയ്ക്കാകെ നാണക്കേടുണ്ടാക്കുകയും ചെയ്ത പ്രതിക്ക് സംരക്ഷണം ഒരുക്കുന്നത് ആരാണെന്ന ചോദ്യവും ശക്തമാണ്. പൊലീസിന്റെ എല്ലാ അന്വേഷണ രീതികളെ പറ്റിയും നല്ല ബോധ്യമുള്ളയാളാണ് ഷിഹാബ്. ഇതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ പല ജില്ലകളിലായി മൊബൈൽ റേഞ്ച് കാണിക്കുന്നതും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. ഷിഹാബിനായി നാലുപാടും അന്വേഷണം ഊർജിതമാക്കിയപ്പോഴും ഇയാളുടെ സ്വദേശമായ മുണ്ടക്കയം വണ്ടൻപതാലിൽ മൊബൈൽ റേഞ്ച് കാണിച്ചതും പൊലീസിനെ അമ്പരപ്പിക്കുന്നു.
ഇടുക്കി എ ആർ ക്യാമ്പിൽ ജോലി ചെയ്യുന്ന ഷിഹാബിന് മാമ്പഴ മോഷണം നടന്ന ദിവസം കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ഡ്യൂട്ടി. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങുംവഴി കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലെ കടയുടെ മുന്നിൽ പെട്ടികളിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം ഇരുളിന്റെ മറവിൽ മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് 500 മീറ്റർ ദൂരപരിധിയിലാണ് സംഭവം.
രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി പഴക്കട ഉടമ പാറത്തോട് സ്വദേശി നാസറിന് മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ ഷിഹാബിനെതിരെ 2019ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഷിഹാബിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവം സേനയ്ക്ക് മുഴുവൻ കളങ്കമുണ്ടാക്കി എന്നതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി സിപിഒ ഷിഹാബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ കീഴിലുളള കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് എന്നതും ശ്രദ്ധേയമാണ്.