വിവാഹശേഷം പണവും സ്വര്‍ണവും തട്ടിയെടുത്ത് മര്‍ദിച്ച് ഒഴിവാക്കി; ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികൾ


പാലക്കാട്: പൊതുമേഖല ബാങ്ക് മാനേജർക്കെതിരെ വിവാഹ തട്ടിപ്പ് ആരോപണവുമായി യുവതികള്‍. കോഴിക്കോട് മീഞ്ചന്ത,പാലക്കാട് യാക്കര സ്വദേശിനികളായ യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മൂണ്ടൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ മാനേജർ സലീമിനെതിരെയാണ് യുവതികളുടെ ആരോപണം.
അനാഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചശേഷം ക്രൂരമായ പീഡനത്തിന് ഇരയാക്കി സ്വർണവും പണവും തട്ടിയെടുത്തെന്നാണ് യുവതികളും പരാതി. കിണാശ്ശേരി കണിയാംകുന്നം ചിലങ്കവീട്ടില്‍ കെ. സലീന, കോഴിക്കോട് പാലാട്ടുപറമ്പ് സഫ്രീന ബെയ്ത്തില്‍ സഫ്രീന എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.
ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് 2013 നവംബര്‍ 24-ന് കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയായ സഫ്രീനയെ സലീം വിവാഹം കഴിക്കുന്നത്. മുന്‍വിവാഹങ്ങള്‍ മറച്ചുവെച്ച് വീട്ടുകാരെയും തന്നെയും തെറ്റിദ്ധരിപ്പിച്ച് 2019 ഡിസംബര്‍ 21-ന് വിവാഹം കഴിച്ചെന്ന് സലീന പറയുന്നു.
2018 വരെ ഇയാൾ സഫ്രീനക്കൊപ്പം കഴിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. വളരെ മാന്യമായും സ്നേഹത്തോടെയും ആദ്യം പെരുമാറിയ ഇയാൾ കല്ല്യാണം കഴിഞ്ഞതോടെ ക്രൂരമായി പെരുമാറി. നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
സമാന അനുഭവവമാണ് പാലക്കാട് യാക്കര സ്വദേശിനി സലീനയുടേതും. കുറെനാള്‍ ഒപ്പം താമസിപ്പിച്ചശേഷം മര്‍ദനം തുടങ്ങിയെന്നും വിവിധ കാരണങ്ങള്‍ പറഞ്ഞ് 22 പവനോളം ആഭരണങ്ങള്‍ തട്ടിയെടുത്തെന്നും സലീന പറയുന്നു. ഇയാൾ മുമ്പ് നാലു സ്ത്രീകളെ വിവാഹം കഴിച്ചെന്നും ഇതിൽ മക്കളുണ്ടെന്നും പിന്നീട് അന്വേഷിച്ചപ്പോൾ കണ്ടെത്തിയെന്ന് സലീന പറയുന്നു.
തുടർന്ന് 2021ൽ കോങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് സമാനമായി ചതിക്കപ്പെട്ട കോഴിക്കോട് പാലാട്ടുപറമ്പ് സ്വദേശി സഫ്രീന, സലീനയെ തേടിയെത്തിയത്. സലീന നല്‍കിയ പരാതിയില്‍ 2021 നവംബര്‍ 27-ന് സ്ത്രീപീഡനക്കേസ് രജിസ്റ്റര്‍ചെയ്തതായും ആരോപണവിധേയനെ അറസ്റ്റുചെയ്തതായും കോങ്ങാട് എസ്.എച്ച്.ഒ. വി.എസ്. മുരളീധരൻ പറഞ്ഞു.
കേസിൽ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. അതേസമയം മതവിശ്വാസ പ്രകാരം അനുമതിയുള്ളത് കൊണ്ടാണ് ഒരേ സമയം പല വിഹാഹം കഴിച്ചതെന്നും യുവതികളെ മര്‍ദ്ദിച്ചെന്നടക്കമുള്ള മറ്റു ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സലീം പ്രതികരിച്ചു.