ഇലന്തൂരിലെ നരബലി: മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും


കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിൽ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽസിംഗ് ,ഭാര്യ ലൈല, നരബലിയുടെ ആസൂത്രകൻ മുഹമ്മദ് ഷാഫി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ഇലന്തൂരിലെ ഭഗവൽസിംഗിന്റെ വീട്ടുപരിസരത്തു നിന്ന് ഇന്നലെ പുറത്തെടുത്ത ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
ഇലന്തൂരിലെ വീട്ടിൽ പൊലീസിന്റെയും ഫൊറൻസിക് സംഘത്തിനെയും പരിശോധന ഇന്നും തുടരും. ശരീരഭാഗങ്ങൾ ജീർണിച്ച അവസ്ഥയിൽ ആയതിനാൽ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.
തമിഴ്‌നാട് ധര്‍മ്മഗിരിയില്‍ നിന്നും കൊച്ചിയിലെത്തി വീട്ടുവെല ചെയ്തും ലോട്ടറി ടിക്കറ്റ് വിറ്റും ജീവിച്ചിരുന്ന പത്മയെന്ന അമ്പത്തിരണ്ടുകാരിയെ കാണാതായതോടെയാണ് ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളഴിച്ച അന്വേഷണത്തിന് തുടക്കമായത്. എളങ്കുളം പള്ളിയ്ക്ക് സമീപമുള്ള ഒറ്റമുറിവീട്ടില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന പത്മയെ കഴിഞ്ഞ 26 ന് ഫോണില്‍ കിട്ടാതെ വന്നതോടെയാണ് മകൻ പൊലീസിൽ പരാതി നൽകിയത്.
പത്മയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ ആദ്യ അന്വേഷണം. ഫോണ്‍ ആറന്‍മുള ഭാഗത്തെ മൊബൈല്‍ ടവറില്‍ ഓഫായതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ എറണാകുളം ഷേണായീസ് തിയറ്ററിന് സമീപം ഹോട്ടല്‍ നടത്തുന്ന ഗാന്ധി നഗറില്‍ താമസിയ്ക്കുന്ന മുഹമ്മദ് ഷാഫിയെന്ന ആളുമായി നിരന്തര സംഭാഷണങ്ങള്‍ നടത്തിയതായി കണ്ടെത്തി. ഷാഫിയുടെ കടയ്ക്ക് സമീപത്തെയും പത്മ ലോട്ടറി വില്‍ക്കുന്നയിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുകയും ചെയ്തതോടെ ചില സൂചനകള്‍ പോലീസ് ലഭിച്ചു.
കോലഞ്ചേരിയില്‍ 75 കാരിയെ ക്രൂരമായ പീഡിപ്പിച്ച് മുറിവേല്‍പ്പിച്ച ഷാഫിയുടെ ഇടപെടലുകളില്‍ പോലീസിന് സംശയം ശക്തമായി. സമാന്തരമായി കടവന്ത്രിയില്‍ ലോട്ടറക്കച്ചവടം നടത്തുന്ന ചില സ്ത്രീകളില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ നിന്നും മുഹമ്മദ് ഷാഫിയോടൊപ്പമായിരിയ്ക്കാം പത്മ യാത്രപോയത് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയും ചെയ്തു. ഷാഫിയെ നിരീക്ഷണത്തിലാക്കി നടത്തിയ അന്വേഷണത്തിനൊടുവില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും ഭഗവത് സിംഗും ഭാര്യ ലൈലയുമായുള്ള അടുപ്പത്തേക്കുറിച്ച് വിവരം ലഭിയ്ക്കുകയും ചെയ്തു.
കൊച്ചിയില്‍ നിന്നും പോലീസ് സംഘം ഇലന്തൂരിലെത്തി ഭഗവത് സിംഗിന്റെ അയല്‍വാസികളെ ചോദ്യം ചെയ്തതിലൂടെ തിരുമ്മലിനായി സ്ഥലത്തെത്തിയിരുന്നതായി വ്യക്തമായി. സിസിടിവി ദൃശ്യങ്ങളും ലഭിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഷാഫിയും ദമ്പതികളും കുറ്റം സമ്മതിച്ചു. പിന്നീടാണ് സമാന രീതിയില്‍ മുമ്പ് ഒരു കൊലപാതകം കൂടി നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതികളില്‍ നിന്നും ഉണ്ടായത്.
ജൂണ്‍ എട്ടിനാണ് തൃശൂര്‍ സ്വദേശി റോസ്ലിനെ കാണാതായത്. പങ്കാളിയായ സജീഷിന്റെ കൂടെ കാലടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റോസ്ലിന് കുടുംബവുമായി കാര്യമായ അടുപ്പം ഉണ്ടായിരുന്നില്ല. ദീര്‍ഘനാള്‍ വിവരമില്ലാതായതോടെ മകള്‍ മഞ്ജു പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാണാതാവുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ഇവര്‍ കാലടിയില്‍ താമസത്തിനെത്തിയത്.
കാലടിയില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്ന റോസ്ലിന്‍ എറണാകുളത്തേക്ക് എത്തിയിരുന്നതായും സൂചനയുണ്ട്. സിനിമയില്‍ അഭിയിച്ചാല്‍ പത്തുലക്ഷം നല്‍കാമെന്ന പത്മയ്ക്ക് നല്‍കിയ അതേ വാഗ്ദാനം റോസ്ലിന് നല്‍കുകയും കൊലപ്പെടുത്തികയുമായിരുന്നു. പത്മയുടെ അന്വേഷണം നടന്നപ്പോള്‍ കാട്ടിയ അതേ ഗൗരവത്തില്‍ അന്വേഷണം നടത്തിയെങ്കില്‍ റോസ്ലിന്റെ കൊലപാതികിയെ കണ്ടെത്തുകയും പത്മയുടെ മരണം ഒഴിവാക്കാനാവുമായിരുന്നുവെന്ന വിമര്‍ശനവുമുണ്ട്.