സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍, 28 വര്‍ഷത്തിന് ശേഷം നീതി; ശിക്ഷാവിധി നാളെ


കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാർ. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽ കുമാർ ആണ് പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
സംഭവം നടക്കുമ്പോൾ തോമസ് കോട്ടൂർ കോട്ടയം ബിസിഎം കോളേജ് സൈക്കോളജി അധ്യാപകനും സിസ്റ്റർ സെഫി പയസ് ടെൻത് കോൺവെന്‍റ് ഹോസ്റ്റലിലെ താൽകാലിക ചുമതലക്കാരിയും ആയിരുന്നു. കോട്ടയം ബിസിഎം കോളേജിലെ രണ്ടാംവർഷ പ്രീ ഡിഗ്രി വിദ്യാർഥിനിയും ക്നാനായ കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള സെന്‍റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയുമായിരുന്ന സിസ്റ്റർ അഭയയെ (21) 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കണ്ടതിനെ തുടർന്നാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28ന് മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.
പ്രതികളെ സഹായിക്കാൻ തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വി വി അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവൽ എന്നിവരെ സിബിഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഇവർ മരണപ്പെട്ടത് കൊണ്ട് രണ്ടു പ്രതികൾ മാത്രമാണ് വിചാരണ നേരിട്ടത്.
ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് സിബിഐ കോടതി ഇന്ന് വിധി പറഞ്ഞത്. 2019 ആഗസ്റ്റ് 26ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ആരംഭിച്ച വിചാരണ ഈ മാസം 10ന് പൂർത്തിയായി. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 28 വർഷം നീണ്ട കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തോളം വിചാരണ നീളുകയായിരുന്നു.