ഭാര്യയുടെ അമ്മയ്ക്ക് ഇൻസുലിൻ നൽകാനെത്തിയ 19കാരിക്കുനേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ


തൊടുപുഴയില്‍ ഭാര്യയുടെ അമ്മയ്ക്ക് ഇൻസുലിൻ നൽകാനെത്തിയ പത്തൊമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ഇടുക്കി മുട്ടം സ്വദേശി ജോമോന്‍ (47) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. ഇന്നലെ രാവിലെ 8.30യോടെയായിരുന്നു സംഭവം.
പ്രതിയും ഭാര്യാമാതാവും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഡോക്ടറെ കാണാൻ പോയിരുന്ന ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് പെണ്‍കുട്ടി ഇൻസുലിൻ എടുക്കാൻ വീട്ടിലെത്തിയത്. ഇൻസുലിനെടുത്ത് മടങ്ങാൻ തുടങ്ങുമ്പോള്‍ താനും കുടുംബവും ഉടന്‍ ഗള്‍ഫിലേക്ക് പോകുമെന്നും ഇടയ്ക്കിടെ ഇവിടെയെത്തി വീടും പരിസരവും ശ്രദ്ധിക്കണമെന്ന് ജോമോന്‍ പെണ്‍കുട്ടിയോട് പറഞ്ഞു.
തുടര്‍ന്ന് വീട്ടിലെ വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന രീതിയും മറ്റും കാണിച്ച് തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മുകളിലത്തെ നിലയിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം കടന്നുപിടിക്കുകയായിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം അറിയിച്ചയുടൻ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ജോമോനെ പോലീസ് അറസ്റ്റ് ചെയ്തത്.