ജീവനക്കാരനെ കെട്ടിയിട്ട് ബസ് മോഷ്ടിച്ച് നിറം മാറ്റി മറിച്ചുവിറ്റ കേസിൽ 26വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍


മലപ്പുറം: : ബസ് മോഷ്ടിച്ച് മറിച്ചുവിറ്റ കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതി 26 വര്‍ഷത്തിനുശേഷം പിടിയില്‍. കൊല്ലം പുനലൂര്‍ കുരിമണ്ഡല്‍ ചരുവിളവീട്ടില്‍ അനില്‍കുമാറാണ്(53) പിടിയിലായത്. 1996 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പോയില്‍തൊടി ഹസ്സന്റെ ഉടമസ്ഥതയിലുള്ള ബസ് നിര്‍ത്തിയിട്ടിടത്തുനിന്ന് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് കവര്‍ച്ച ചെയ്യുകയായിരുന്നു. ജീവനക്കാരനെ പാലക്കാട് വഴിയില്‍ ഉപേക്ഷിച്ച് ബസ് കോയമ്പത്തൂരില്‍ ഒരു സ്‌കൂളിന് നമ്പറും പെയിന്റും മാറ്റി വില്പന നടത്തുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് ഇയാൾ മുങ്ങിയിരുന്നു.
ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ കൊല്ലം പൂയപള്ളിയില്‍ വെച്ച് പിടികൂടുകയായിരുന്നു. കൊണ്ടോട്ടി ഡിവൈ.എസ്.പി.യുടെ ലോങ്ങ് പെന്റിങ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്.ഐ. ശ്രീജിത്, സി.പി.ഒ.മാരായ മുഹമ്മദ് അജ്നാസ്, കെ.ടി. റാഷിദ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.