NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വടക്കഞ്ചേരി അപകടം: സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്ത് വാഹനമോടിച്ച് ജോമോന്‍;

പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ മുന്‍പ് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവര്‍ സീറ്റില്‍നിന്ന് എഴുന്നേറ്റുനിന്ന് ഡാന്‍സ് ചെയ്ത് ജോമോന്‍ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മറ്റൊരു വിദ്യാര്‍ത്ഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നാണ് വിവരം.

വടക്കഞ്ചേരിയില്‍ സംഭവിച്ചതു പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഗതാഗത സംവിധാനങ്ങള്‍ കയറൂരി വിട്ട പോലെയെന്നും കോടതി പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കരുത്. ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് കോടതിയില്‍ ഹാജരായി.

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തില്‍ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. പുലര്‍ച്ചെ മൂന്നരയോടെ കൊല്ലം ചവറയില്‍ വച്ചാണ് ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവസമയത്ത് മദ്യപിച്ചിരുന്നോ എന്നറിയാന്‍ ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിസ്സാര പരിക്കേറ്റ് ചികിത്സതേടി ആശുപത്രിയില്‍ നിന്ന് മുങ്ങിയ ജോമോനെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ചവറ പോലീസ് കാര്‍ തടഞ്ഞ് പിടികൂടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ഇയാളെ വടക്കഞ്ചേരി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് പിടികൂടിയത്.

കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ അപകടസ്ഥലത്തെത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഒപ്പമുണ്ടായിരുന്ന കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോന്റെ പേരില്‍ 2018-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *