തിരൂരങ്ങാടി വലിയപള്ളിയിൽ നിന്ന് 1.25 ലക്ഷം രൂപ മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.


തിരൂരങ്ങാടി: പള്ളിയുടെ പൂട്ടുപൊട്ടിച്ച് അകത്തുകടന്ന് 1.25 ലക്ഷംരൂപ മോഷ്ടിച്ച പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. വയനാട് സുൽത്താൻബത്തേരി തൊവരിമല മൂർക്കൻവീട്ടിൽ ഷംസാദി(34)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മേയ് മാസത്തിലാണ് തിരൂരങ്ങാടി വലിയപള്ളിയിൽ മോഷണം നടന്നത്.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി. കാമറകളിൽ പതിഞ്ഞിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്തിയിരുന്നില്ല. സമാനകേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ള മോഷ്ടാവിനെ ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു.
തമിഴ്‌നാട് ഡിണ്ടിഗലിൽ പള്ളിയിൽ മോഷണംനടത്തിയ കേസിൽ വേടസന്തൂർ പോലീസിന്റെ പിടിയിലായി ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. എസ്.ഐ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തിരൂരങ്ങാടി വലിയപള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.