NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ശിഹാബ് പി വിയാണ് 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും പ്രതിയായിട്ടുള്ളത്. കേസില്‍ വിചാരണ നടപടികള്‍ തുടരുകയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട് .

കഴിഞ്ഞ ദിവസമാണ് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്ന് ഇയാള്‍ മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍പോയെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.