തങ്കം ആശുപത്രിയില്‍ അമ്മയും നവജാതശിശുവും മരിച്ച സംഭവം: ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്


പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയ്ക്ക് പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ മരിച്ചു. പ്രസവ സമയത്ത് തന്നെ കുഞ്ഞും മരിച്ചിരുന്നു.
നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ പാടുപെട്ടു. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.