കമ്പിളി പുതപ്പ് കച്ചവടത്തിന്റെ മറവിൽ വീടുകളിൽ കവർച്ച; ഉത്തരേന്ത്യൻ സംഘാംഗം പൊലീസ് പിടിയിൽ


തിരുവനന്തപുരം: കമ്പിളി പുതപ്പ് കച്ചവടത്തിന്റെ മറവിൽ വീടുകളിൽ കവർച്ച നടത്തുന്ന ഉത്തരേന്ത്യൻ
സംഘാംഗം പോലീസ് പിടിയിൽ. ഡൽഹി സീലാമ്പൂർ സ്വദേശിയായ മുഹമ്മദ് ഷമീം അൻസാരി (28)യാണ് പിടിയിലായത്.
തിരുവനന്തപുരം സിറ്റിയിലെ മ്യൂസിയം, ഫോർട്ട് സ്റ്റേഷനുകളിലെ കേസിൽ ഉൾപ്പെട്ട പ്രതികൾ ഉത്തർപ്രദേശിൽ ഉണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസിനെ കണ്ട് സംഘം രക്ഷപെടാൻ ശ്രമിച്ചു. ഇതിൽ ഒരാളെ പോലീസ് അതിസാഹസികമായി പിടികൂടി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നു തിരുവനന്തപുരം നഗരത്തിൽ തോക്കുചൂണ്ടി കവർച്ചക്കിറങ്ങിയതും ഇയാളും കൂട്ടാളിയുമാണ്. ഇയാളെ ചോദ്യം ചെയ്തതിൽ കൂട്ടാളികളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളമുൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി കവർച്ചകൾ ഇയാളുടെ സംഘം നടത്തിയിട്ടുണ്ട്.
ഫോർട്ട് എസ് അഭിജിത്, പോലീസ് ഉദ്യോഗസ്ഥരായ രാകേഷ് കുമാർ, സൂരജ്, സുബിൻ പ്രസാദ്, അഖിലേഷ്, സജു, അജിത്ത് കുമാർ, അരുൺ ദേവ് രാജീവ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.