വിദ്യാര്‍ഥികളുടെ തെറ്റുകൾ തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട് – കോടതി


കൊച്ചി: വിദ്യാര്‍ഥികള്‍ ചെയ്യുന്ന തെറ്റുകളും വികൃതിത്തരങ്ങളും തിരുത്താന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി. വിദ്യാര്‍ഥികളുടെ തെറ്റുകള്‍ തിരുത്തുന്നത് അധ്യാപകരുടെ കടമയാണെന്നും അത് ക്രൂരതയല്ലെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം സെഷന്‍സ് കോടതിയുടെതാണ് നിരീക്ഷണം. ഓണസദ്യയില്‍ തുപ്പിയതിന് വിദ്യാര്‍ഥികളെ തല്ലിയ പ്രധാന അധ്യാപികക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് അധ്യാപകരെ മാതാപിതാക്കള്‍ക്ക് തുല്യരായാണ് കാണുന്നത്.
അങ്ങനെയുള്ള അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ തെറ്റ് തിരുത്താനും അവരുടെ വികൃതിത്തരങ്ങളില്‍ ഇടപെടാനും അവകാശമുണ്ട്. കുട്ടികളുടെ തെറ്റ് തിരുത്തുന്നതിനായി അധ്യാപകര്‍ ഇടപെടുന്നത് ക്രൂരതയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജഡ്ജി ഹണി എം വര്‍ഗീസാണ് കേസ് പരിഗണിച്ചത്. വടക്കേക്കര ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക ഐഡ ലോപ്പസാണ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തിനിടയിൽ സ്‌കൂളിലെ ഒന്നാം നിലയിൽ നിന്നിരുന്ന വിദ്യാര്‍ഥികൾ താഴെ വെച്ചിരുന്ന ഓണസദ്യയിലേക്കു തുപ്പിയെന്ന ആരോപണത്തിലായിരുന്നു പ്രധാനാധ്യാപിക കുട്ടികളെ തല്ലിയത്. നാലാം ക്ലാസ് വിദ്യാർത്ഥികളായ കുട്ടികളെ അധ്യാപിക ശകാരിക്കുകയും തല്ലുകയും ചെയ്തു.
തുടർന്ന് മാതാപിതാക്കളിൽ ഒരാൾ അധ്യാപികയ്ക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക വിദ്യാർത്ഥികളെ തല്ലിയതെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. കുട്ടികളെ വെയിലത്ത് നിർത്തുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.