ഉറങ്ങിക്കിടന്നയാളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍


കോട്ടയം: പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബംഗാള്‍ സ്വദേശി പ്രദീപ് ബര്‍മന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
കുറിച്ചിത്താനത്ത് താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകിട്ടാണ് കടപ്പാടൂരിലുള്ള പ്രദീപ് ബർമന്റെ മുറിയില്‍ വന്നത്. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച ശേഷം പ്രദീപ് ബര്‍മന്‍ രക്ഷപെടുകയായിരുന്നു.
പാലക്കാട് നിന്നാണ് പ്രദീപ് ബർമനെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് നല്‍കിയ വിവരമനുസരിച്ച് പാലക്കാട് റെയില്‍വെ പൊലീസ് പ്രദീപിനെ തടഞ്ഞുവെച്ച ശേഷം പാലാ പൊലീസിന് കൈമാറുകയായിരുന്നു. മേസ്തിരി പണിക്കാരനായ പ്രദീപ് ബര്‍മന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഭയ് മാലിക്.