‘ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത്’; പൊള്ളലേറ്റ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ അച്ഛനമ്മമാര്‍


കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര റേഷന്‍ കടക്ക് സമീപം താമസിക്കുന്ന പയ്യം പള്ളിയില്‍ പ്രിന്‍സ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകളായ സീറാ മരിയാ പ്രിന്‍സ് ആണ് ദേഹത്ത് തിളച്ച പാല്‍ വീണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചത്.
കുട്ടിയെ ചികിത്സിച്ച എരുമേലിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി മരിക്കാനിടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.കഴിഞ്ഞ 12-നാണ് കുട്ടിക്ക് പൊള്ളലേല്‍ക്കുന്നത്. അടുക്കളയില്‍ തിളപ്പിച്ചുകൊണ്ടിരുന്ന പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകായിരുന്നു.
‘മിടുക്കിയായിരുന്നു അവള്‍, എന്റെ കുഞ്ഞിന് ഇങ്ങനെ വന്നു, ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത് എല്ലാ അമ്മമാര്‍ക്കുംവേണ്ടിയാണ് ഞാന്‍ പറയുന്നത്’- സെറയുടെ അമ്മ പറഞ്ഞു.
അല്പംമുമ്പ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ കുഞ്ഞ് ജിവനോടെയുണ്ടാകുമായിരുന്നെന്ന് ഇവര്‍ പറയുന്നു. കഫക്കെട്ട് കുട്ടിക്കുണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നല്‍കാതിരുന്നതും ആശുപത്രി മാറ്റുന്നതിന് ആംബുലന്‍സിലേക്ക് മാറ്റിയപ്പോള്‍ ഓക്സിജന്‍ നല്‍കാതിരുന്നതുമാണ് മരണകാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
കുഞ്ഞിന്‍റെ ആരോഗ്യനില വഷളാകുന്നതിന് മൂന്നു ദിവസം മുമ്പേ കഫക്കെട്ടിന്റെ ക്ഷീണം കാട്ടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍നിന്ന് മാറ്റണോയെന്ന് ചോദിച്ചപ്പോള്‍ പറയാം എന്നുമാത്രമാണ് മറുപടി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. 27-ന് രാത്രി 9.30-വരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പെട്ടെന്ന് നില വഷളാകുകയായിരുന്നു.
തുടര്‍ന്ന് ഓക്സിജന്‍ നല്‍കി. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ആബുലന്‍സ് വിളിച്ചത്. മുറിയില്‍നിന്ന് ആംബുലന്‍സിലേക്ക് എടുത്തപ്പോള്‍ ഓക്സിജന്‍ നല്‍കിയില്ല. അതോടെ ആശുപത്രിവളപ്പില്‍വെച്ച് തന്നെ കുട്ടി മരിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.
എരുമേലിയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി. പോലീസ് ഇവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തേ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.
അണുബാധയുണ്ടാകാതിരിക്കാന്‍ ആദ്യം മുതല്‍തന്നെ മരുന്ന് നല്‍കിയിരുന്നു. കുട്ടിക്ക് 40 ശതമാനം പൊള്ളലേറ്റിരുന്നു. പെട്ടന്ന് അണുബാധയുണ്ടായി നില വഷളാകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.