പശുക്കളെ മേയ്ക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍; ശരീരത്തില്‍ കടിയുടെ പാടുകള്‍, ദുരൂഹത


തൃശ്ശൂരില്‍ പശുവിനെ മേയ്ക്കാന്‍ പോയ ആളെ കോള്‍പ്പാടശേഖരത്തിലെ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, ശരീരത്തില്‍ നായ കടിച്ചതെന്ന് സംശയിക്കുന്ന പാടുകള്‍ കണ്ടത് പരിഭ്രാന്തിയുണ്ടാക്കി. പഴുവില്‍ ചുള്ളിക്കാട്ടില്‍ രാജനാണ് (58) മരിച്ചത്. മറ്റൊരാളുടെ പശുക്കളെ പരിപാലിക്കുന്ന ആളാണ്.
പശുക്കളെ മേയ്ക്കാന്‍ പോയ രാജന്‍ രാത്രി എട്ടുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചേറ്റുപുഴ കിഴക്കുള്ള കോള്‍പ്പാടത്ത് ബണ്ടിനോടുചേര്‍ന്ന് മരിച്ചനിലയില്‍ കണ്ടത്. അരയ്ക്ക് താഴെ കടിയേറ്റ നിലയിലാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ശേഷം തെരുവുനായ്ക്കള്‍ ആക്രമിച്ചതാണെന്നാണ് സംശയം. ഭാര്യ: വസന്ത. മക്കള്‍: രജീഷ്, രാഗേഷ്.
മൃതശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ അറിയാനാകൂ എന്ന് അന്തിക്കാട് പോലീസ് പറഞ്ഞു.