വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് കാമുകിയെ വിട്ടുകിട്ടാൻ ഹർജി നൽകിയയാൾക്ക് ഹൈക്കോടതിയുടെ പിഴ


വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് കാമുകിയെ വിട്ടുകിട്ടാൻ ഹർജി നൽകിയയാൾക്ക് ഹൈക്കോടതിയുടെ പിഴ. ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറിനാണ് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയത്. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പിഴ ചുമത്തിയത്. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷന്‍ സെന്ററില്‍ തുക അടയ്ക്കാനാണ് നിര്‍ദേശം നൽകിയത്.
നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകി അഞ്ജനയെ പിതാവും സഹോദരനും തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മുന്‍പ് അശ്വതി എന്നൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്ന വിവരം മറച്ചുവെച്ചായിരുന്നു ഷമീർ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതിയുടെ പരിഗണനയ്ക്കു വന്ന ശേഷമാണ് മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഭാര്യ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചത്.
വിവാഹമോചനത്തിന് തനിക്ക് എതിർപ്പില്ലെന്നും ഇക്കാര്യം കുടുംബകോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഷമീർ ഹൈക്കോടതിയിൽ വിശദീകരിച്ചു. എന്നാൽ പ്രദാനപ്പെട്ട ഈ വിവരം മറച്ചുവെച്ചതിൽ ഹൈക്കോടതി കടുത്ത നീരസം പ്രകടിപ്പിച്ചു. ഇതിൽ നിരുപാധികം മാപ്പ് ചോദിച്ച ഷമീർ പിഴയൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
വീഡിയോ കോൺഫറൻസ് വഴി യുവതിയോട് കോടതി വിവരങ്ങൾ ആരാഞ്ഞു. ഹർജിക്കാരനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും വീട്ടുകാർ തന്നെ തടവിലാക്കിയിരിക്കുകയാണെന്നും യുവതി പറഞ്ഞു. അതിന് പിന്നാലെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പടെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി ഹർജിക്കാരന് നിർദേശം നൽകി.വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചുള്ള ഹർജി തള്ളേണ്ടതാണെന്നും, എന്നാൽ കേസിലെ പ്രത്യേകത കണക്കിലെടുത്ത് അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ പിഴയൊടുക്കിയില്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി മുന്നറിയിപ്പ് നൽകി.